05:55pm 11 November 2026
NEWS
ആർഎസ്എസിനെ ലക്ഷ്യമിട്ടുള്ള കർണാടക സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
28/10/2025  05:29 PM IST
nila
ആർഎസ്എസിനെ ലക്ഷ്യമിട്ടുള്ള കർണാടക സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ബെംഗളൂരു: ആർഎസ്എസ് പരിപാടികൾ അടക്കമുള്ള പൊതുയോഗങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് കർണാടക ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് നവംബർ 17ന് വീണ്ടും പരിഗണിക്കും.

സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹർജി നൽകിയത്. പൊതുയോഗങ്ങൾക്കും പരിപാടികൾക്കും സർക്കാർ അനുമതി വേണമെന്ന നിർദ്ദേശം ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്മാരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു.

സർക്കാർ ഈ മാസം ആദ്യം പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ, പൊതു സ്ഥാപനങ്ങളിലെ സ്ഥലങ്ങൾ (സ്കൂൾ, കോളേജ് ഗ്രൗണ്ട് തുടങ്ങിയവ) സ്വകാര്യ സംഘടനകൾക്ക് അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം, ഉത്തരവിന് പിന്നിൽ ആർഎസ്എസിനെ ലക്ഷ്യമിട്ട ഉദ്ദേശമൊന്നുമില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. “സർക്കാർ സ്വത്തുക്കൾ ശരിയായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. ഏത് ലംഘനവും നിയമപരമായി കൈകാര്യം ചെയ്യപ്പെടും,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ ബിജെപി സ്വാഗതം ചെയ്തു. “ഇത് നീതിയുടെ വിജയം. സർക്കാർ ഭരണഘടനയെ മറികടക്കാൻ ശ്രമിച്ചപ്പോൾ കോടതി പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിച്ചു,” എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രൻ പ്രതികരിച്ചു.

സ്റ്റേ ഉത്തരവിനെതിരെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img